കോട്ടയം: അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിക്ക് നാലുവർഷം തടവും 30, 84,892 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം വിജിലൻസ് കോടതിയുടേതാണ് നിർണായകമായ വിധി. സംസ്ഥാന പൊലിസിലെ ഉന്നത പദവി വഹിച്ച ആളാണ് ടോമിൻ തച്ചങ്കരിയെന്നും അതുകൊണ്ട് ശിക്ഷ ഇളവ് അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ടോമിൻ തച്ചങ്കരിയെ ഉടൻ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് മാറ്റും. 2007ലാണ് ടോമിൻ തച്ചങ്കരിക്കെതിരെ അനധികൃത സ്വത്ത് സമ്പാദന കേസ് രജിസ്റ്റർ ചെയ്തത്. 2003 ജനുവരി മുതൽ 2007 ജൂലൈ വരെയുള്ള സർവീസ് കാലയളവിൽ 64.70 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. വിജിലൻസ് നടത്തിയ പരിശോധനയിൽ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയിരുന്നു.
എന്നാൽ അതിനുള്ള വരവ് കാണിക്കാൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നില്ല. പരിശോധനാ കാലയളവിൽ 135.80 ശതമാനം സ്വത്ത് വരവിൽക്കവിഞ്ഞ് സമ്പാദിച്ചതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്ഥലം വാങ്ങിയ വകയിൽ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സർക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലൻസ് കണ്ടെത്തിയിരുന്നു.
വിധിക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് തച്ചങ്കരി മറുപടി നൽകി. താൻ ഒറ്റയ്ക്കാണ് താമസിക്കുന്നതെന്നും രണ്ട് ദിവസം മുമ്പ് നെഞ്ചുവേദനയുണ്ടായിരുന്നതായും അദ്ദേഹം കോടതിയെ അറിയിച്ചു. എന്നാൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസിൽ 2013ൽ തൃശൂർ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസ് പിന്നീടു മൂവാറ്റുപുഴ വിജിലൻസ് കോടതിയിലേക്കും തുടർന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു. കേസിൽ തുടരന്വേഷണം വേണമെന്ന തച്ചങ്കരിയുടെ ഹർജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയതിനെത്തുടർന്നാണു വിജിലൻസ് കോടതി ജഡ്ജി കെ.വി. രജനീഷിന്റെ മുൻപാകെ വിചാരണ പൂർത്തിയാക്കിയത്.